ഉമീദ് വഖഫ് പോർട്ടൽ രജിസ്ട്രേഷൻ; വ്യക്തത വരുത്തണം: സമസ്ത ലീഗൽ സെൽ
കോഴിക്കോട്: ഉമീദ് വഖഫ് പോർട്ടലിൽ ചേർക്കേണ്ട രേഖകളുടെ ഇനങ്ങൾ, വഖഫ് സ്വത്തുക്കളുടെ സ്വഭാവം, വാഖിഫ് വിവരങ്ങൾ, ഗസറ്റ് നോട്ടിഫിക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ വ്യക്തത നൽകാൻ കേന്ദ്ര മന്ത്രാലയത്തിനും വഖഫ് ബോർഡിനും സാധിക്കാത്തതിനാൽ, നിലവിലെ സാഹചര്യത്തിൽ ഉമീദ് പോർട്ടലിൽ രജിസ്ട്രേഷൻ നടത്താൻ പ്രായോഗിക പ്രയാസമുണ്ടെന്ന് സമസ്ത ലീഗൽ സെൽ സംസ്ഥാന സമിതി യോഗം വിലയിരുത്തി.
വഖഫ് ബോർഡ് സി.ഇ.ഒയുടെ മുമ്പാകെ അനുബന്ധ ആശങ്കകൾ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടുള്ളതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഉമീദ് പോർട്ടലുമായി ബന്ധപ്പെട്ട സമസ്തയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലും, നിയമപരമായും സാങ്കേതികമായും അവ്യക്തതകൾ തുടരുന്ന സാഹചര്യത്തിലും, പോർട്ടൽ സംബന്ധിച്ച എല്ലാ സംശയങ്ങളും ആശങ്കകളും യഥാവിധി പരിഹരിച്ച ശേഷം മാത്രമേ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കാനാകൂ എന്നതാണ് സമസ്ത ലീഗൽ സെല്ലിന്റെ ഏകകണ്ഠമായ വിലയിരുത്തൽ.
യോഗത്തിൽ ചെയർമാൻ കെ.ടി. കുഞ്ഞുമോൻ ഹാജി വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇസ്മായിൽ കുഞ്ഞ് ഹാജി മാന്നാർ സ്വാഗതം പറഞ്ഞു. സമസ്ത സെക്രട്ടറി ‘ഉമർ ഫൈസി മുക്കം യോഗം ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, കെ. മോയിൻകുട്ടി മാസ്റ്റർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സി.കെ.കെ. മാണിയൂർ, കെ.പി. കോയ ഹാജി, നാസർ ഫൈസി കൂടത്തായി, ബഷീർ കല്ലേപ്പാടം, അബ്ദുൾ ബാഖി എന്നിവർ പ്രസംഗിച്ചു. അഡ്വ. ത്വയ്യിബ് ഹുദവി നന്ദി പറഞ്ഞു.