കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി. പുതുതായി മൂന്ന് മദ്റസകള്‍ക്ക് കൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗീകാരം നല്കി. ശംസുല്‍ ഉലമാ മദ്റസ ബള്ളമഞ്ച, ദക്ഷിണ കന്നഡ (കര്‍ണാടക), ഹിദായത്തുല്‍ മുസ്ലിമീന് ബ്രാഞ്ച് മദ്റസ - മങ്ങാട്, നിറമരൂതൂര്‍, നൂറുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ പണിക്കരപുറായ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
മദ്റസകളില്‍ മദ്റസ പഠന സമയം ഉറപ്പാക്കാനും ജനറല്‍ മദ്റസകളില്‍ ഞായറാഴ്ചക്ക് പകരം വെള്ളിയാഴ്ച പ്രവര്‍ത്തി ദിനമാക്കാനുള്ള ചില മദ്റസകളുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. പഠനത്തിനുള്ള അധിക സമയം, തഹ്സീനുല്‍ ഖിറാഅ പരിശീലനം, പാഠ്യേതര പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ഞായറാഴ്ചകളിലാണ് കുട്ടികള്‍ക്ക് അധിക അവസരം കിട്ടുക. അവ നഷ്ടപ്പെടുന്ന വിധം അവധിയില്‍ മാറ്റം വരുത്തുന്നത് ഒഴിവാക്കണമെന്ന് മാനേജ്മെന്റുകളോട് യോഗം ആവശ്യപ്പെട്ടു.
സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളന, തഹിയ്യ ഫണ്ട് സമാഹരണം, സമസ്ത ശതാബ്ദി ശന്ദേശ യാത്ര എന്നിവ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിര്യാതരായ കേന്ദ്ര മുശാവറ അംഗങ്ങളായിരുന്ന തൊട്ടി മാഹിന്‍ മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര് എന്നിവരുടെ പരലോക ഗുണത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന് മുസ്ലിയാര് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.