മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹം - സമസ്ത
കോഴിക്കോട്: മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമാണന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ജന. സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ എന്നിവർ പറഞ്ഞു.
പതിറ്റാണ്ടുകളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ സഹായത്തോടെ പ്രവർത്തിച്ചു വരുന്ന മദ്രസകൾ അടച്ചുപൂട്ടാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഗ്രാമീണ മേഖലയിലെ പിന്നാക്ക പ്രദേശങ്ങളിലെ ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കാൻ ആവശ്യമായ നിർദ്ദേശമാണ് ബാലാവകാശ കമ്മീഷൻ നൽകേണ്ടത്. ജനസംഖ്യയുടെ തോതനുസരിച്ച് ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ ഉള്ള സംവിധാനം പോലും അടച്ചുപൂട്ടാനുള്ള നീക്കം ദുരുദ്ദേശപരമാണ്. മദ്രസകൾ പതിറ്റാണ്ടുകളായി ഇവിടെ നില നിൽക്കുന്ന മതസൗഹാർദ്ദവും സാഹോദര്യവും നാടിൻറെ പുരോഗതിയ്ക്കും വേണ്ടി വലിയ പങ്കുവഹിച്ചിട്ടുള്ള സംവിധാനമാണ്. മദ്റസകൾ തകർക്കാനുള്ള ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.