News and Events

img
  2025-09-23

സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്

ചേളാരി :സെപ്തംബര്‍ 28 ന് സമസ്ത പ്രാർത്ഥന ദിനം. എല്ലാ വർഷവും റബീഉൽ ആഖിർ മാസത്തിലെ ആദ്യ ഞായറാഴ്ച്ച പ്രാർത്ഥന ദിനമായി ആചരിക്കാനുള്ള സമസ്തയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ പ്രാർത്ഥന ദിനം സെപ്തംബര്‍ 28നാണ് നടക്കുക. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പതിനൊന്നായിരത്തിൽ പരം മദ്റസകളിലും, വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അൽബിർറ്, അസ്മി, ഫാളില-ഫളീല, എസ്.എൻ.ഇ.സി, ഇ-മദ്റസ എന്നീ സ്ഥാപനങ്ങളിലും, സമസ്തയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലും പ്രാർത്ഥന ദിനം വിപുലമായി ആചരിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും മൺമറഞ്ഞു പോയ നേതാക്കൾ, മഹത്തുക്കൾ, സംഘടന പ്രവർത്തകർ, മുഅല്ലിംകൾ, വിദ്യാർഥികൾ, പ്രസ്ഥാന ബന്ധുക്കൾ, ഓരോ പ്രദേശത്തും സ്ഥാപനങ്ങൾ പടുത്തുയർത്താനും നടത്താനും പരിശ്രമിച്ചവർ എന്നിവരുടെ പരലോക മോക്ഷത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പീഡിതർക്ക് വേണ്ടിയും പ്രത്യേകിച്ച് ഫലസ്തീനിലെയും, ഗസ്സയിലെയും അക്രമിത്തിന്നിരയായവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടിയും അന്നെ ദിവസം പ്രത്യേക പ്രാർത്ഥന നടത്തും. സമസ്ത നൂറാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായുള്ള തഹിയ്യഃ ആപ് വഴിയുള്ള ഫണ്ട് സമാഹരണത്തിന്റെ മദ്റസ തല ഉദ്ഘാടനം പ്രസ്തുത ദിവസം നടക്കും. പ്രാർത്ഥന ദിനവും തഹിയ്യ ഫണ്ട് സമാഹരണവും വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ പി.പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്‌ പി.കെ. മൂസക്കുട്ടി ഹസ്റത്ത്, ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.

Recent Posts