News and Events

img
  2025-09-10

ഖത്തറില്‍ വ്യോമാക്രമണം; ഇസ്രായേലിന്റെ കിരാത നടപടിക്കെതിരെ ലോകം ഒന്നിച്ച് ശബ്ദമുയര്‍ത്തണം - സമസ്ത

കോഴിക്കോട്: കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ സമൂഹം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും ഈ കിരാത നടപടിക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്നും കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. ഫലസ്തീനിലും വിശിഷ്യാ ഗസ്സയിലും നിരന്തരം ആക്രമണം അഴിച്ചുവിട്ടും പിഞ്ചു കുഞ്ഞുങ്ങളെയടക്കം പട്ടിണിക്കിട്ട് കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേല്‍ ഭരണകൂടം ഖത്തര്‍ വ്യോമാക്രമണത്തിലൂടെ മറ്റൊരു പോര്‍മുഖം കൂടി തുറന്നിരിക്കുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ഖത്തറില്‍ എത്തിയ നേതാക്കളെ പോലും കൊന്നൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വ്യോമാക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരിക്കലും സമാധാനം പുലര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇസ്രായേല്‍ ഭരണ കൂടത്തിന്റെ ചെയ്തികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ഭാഗത്ത് സമാധാന ശ്രമം പറയുകയും മറുഭാഗത്ത് ഇസ്രായേല്‍ ഭരണകൂടത്തിന്റെ ആക്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുന്ന ചില രാഷ്ട്ര നേതാക്കളുടെ നിലപാടും സംശയാസ്പദമാണ്. അക്രമണത്തില്‍ നിന്നും ഇസ്രായേല്‍ ഭരണ കൂടത്തെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപടണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയും പീഢിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സമാധാനം പുലര്‍ന്നു കാണുന്നതിനും സെപ്തംബര്‍ 12ന് വെള്ളിയാഴ്ച പള്ളികളില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്താനും യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.പി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, പി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി, എന്‍.കെ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി, ഉസ്മാനുല്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.വി അബ്ദസ്സലാം ദാരിമി സംസാരിച്ചു.

Recent Posts