കോഴിക്കോട്: വിവാദമായ പൗരത്വ നിയമഭേദഗതി (സി.എ.എ) നിലവില്‍വരുന്ന വിധത്തില്‍ വിജ്ഞാപനമിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ അതീവ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. പ്രത്യേക മതവിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തി പൗരത്വം നല്‍കുന്ന വിധത്തിലുള്ള നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരില്‍നിന്ന് പൗരത്വം നല്‍കുന്നതില്‍ മുസ്ലിംകളെ മാത്രം ഒഴിവാക്കുന്നത് മതപരമായ വിവേചനവും ഭരണഘടനയുടെ അന്തസത്തതന്നെ തകര്‍ക്കുന്നതുമാണ്. ഈ നിയമത്തിനെതിരേ സമസ്ത ഫയല്‍ ചെയ്ത കേസില്‍ നിയമപരമായ പോരാട്ടം തുടരുമെന്നും നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.