News and Events

img
  2025-10-08

സമസ്ത നൂറാം വാർഷികം മുശാവറ അംഗങ്ങൾ തഹിയ്യയിൽ പങ്കാളികളായി

കോഴിക്കോട്: സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികൾ, നൂറാം വാർഷിക മഹാ സമ്മേളനം, കൈത്താങ്ങ് പദ്ധതി 2025 എന്നിവക്കായി സമാഹരിക്കുന്ന 'തഹിയ്യ' ആപ്പ് വഴിയുള്ള ഫണ്ട് സമാഹരണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങൾ പങ്കാളികളായി. കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന കേന്ദ്ര മുശാവറ യോഗത്തിൽ വെച്ചാണ് അംഗങ്ങൾ തങ്ങളുടെ വിഹിതം നൽകി പങ്കാളികളായത്. തഹിയ്യ ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും പ്രവർത്തകർ കർമ്മനിരതരാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. സമസ്ത നൂറാം വാർഷികത്തിന്റെ പ്രചരണാർത്ഥം നവംബർ ഒന്ന്, രണ്ട് തിയ്യതികളിൽ യു.എ.ഇ യിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനവും, നവംബർ 24 ന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനവും വിജയിപ്പിക്കാൻ യോഗം അഭ്യർത്ഥിച്ചു. നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ മഹല്ല് തല രജിസ്ട്രേഷൻ ഒക്ടോബർ 10 ന് വെള്ളിയാഴ്ച നടക്കും. സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഡിസംബർ 19 മുതൽ 28 വരെ കന്യാകുമാരി മുതൽ മംഗലാപുരം വരെ നടത്തുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര വിജയിപ്പിക്കാനും യോഗം അഭ്യർത്ഥിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളിൽ ആരും വഞ്ചിതരാവരുതെന്ന് യോഗം അഭ്യർത്ഥിച്ചു. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ പ്രവർത്തനങ്ങളെന്ന പോലെ സാമ്പത്തിക ഇടപാടുകളും സത്യസന്ധവും സുതാര്യവുമാണ്. വയനാട് ദുരന്തത്തിനരയായവരെ സഹായിക്കുന്നതിന് സമസ്ത രൂപീകരിച്ച സഹായ പദ്ധതിയിൽ നിന്ന് അർഹരായ എണ്ണൂറോളം പേർക്ക് സാമ്പത്തിക സഹായം ചെയ്തതിന് പുറമെ സമസ്ത പ്രഖ്യാപിച്ച അനുബന്ധ സഹായ പദ്ധതിയും യഥാസമയം നടപ്പാക്കാനിരിക്കുകയാണ്. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കും വിധം ചില കോണുകളിൽ നിന്ന് ഉണ്ടാവുന്ന പ്രചരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം അഭംഗുരം തുടരുമെന്നും യോഗം പ്രഖ്യാപിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ സ്വാഗതം പറഞ്ഞു. പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, എം.കെ മൊയ്തീൻ കുട്ടി മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാർ, വി. മൂസക്കോയ മുസ്ലിയാർ, പി.കെ മൂസക്കുട്ടി ഹസ്റത്ത്, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീൻ കുട്ടി മുസ്ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.കെ.പി അബ്ദുല്ല മുസ്ലിയാർ, ഇ.എസ് ഹസ്സൻ ഫെസി, പി.കെ ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, എം.എം അബ്ദുല്ല ഫൈസി, ബി.കെ അബ്ദുൽ ഖാദിർ മുസ്ലിയാർ ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എൻ.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ പൈങ്കണ്ണിയൂർ, എം.വി ഇസ്മായിൽ മുസ്ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി സംസാരിച്ചു.

Recent Posts