News and Events

img
  2025-11-12

സമസ്ത മുശാവറ ആറ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയിലേക്ക് പുതുതായി ആറ് അംഗങ്ങളെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗമാണ് ഒഴിവുള്ള സ്ഥാനത്തേക്ക് പുതുതായി ആറ് പേരെ തെരഞ്ഞെടുത്തത്. അലവി ഫൈസി കൊളപ്പറമ്പ്, ടി.കെ അബൂബക്കര്‍ മുസ്ലിയാര്‍ വെളിമുക്ക്, പി സൈതാലി മുസ്ലിയാര്‍ മാമ്പുഴ, അബ്ദുല്‍ഗഫൂര്‍ അന്‍വരി മുതൂര്, ബശീര്‍ ഫൈസി ചീക്കോന്ന്, മുഹമ്മദ് ഷരീഫ് ബാഖവി വേശാല എന്നിവരാണ് പുതുതായി തെരഞ്ഞെടുത്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അലവി ഫൈസി കൊളപ്പറമ്പ് പാലക്കാട് ജില്ലയിലെ കൊളപ്പറമ്പ് ഇരിങ്ങത്ത് സ്വദേശിയാണ്. പിതാവ് കുഞ്ഞയമു, മാതാവ് ബീവി ഉമ്മ. 1987ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടി. വിവിധയിടങ്ങളില്‍ മുദരിസായി സേവനം ചെയ്ത ശേഷം 2023 മുതല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ മുദരിസായി സേവനം തുടരുന്നു. ഇപ്പോള്‍ സമസ്ത പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ടി.കെ അബൂബക്കര്‍ മുസ്ലിയാര്‍ മലപ്പുറം ജില്ലയിലെ വെളിമുക്ക് സ്വദേശിയാണ്. തൊണ്ടിക്കോടന്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെയും മാളിയേക്കല്‍ ഫാത്തിമയുടെയും മകനായി 1952ല്‍ ജനനം. 1974ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് എം.എഫ്.ബി ബിരുദം നേടിയ ശേഷം വിവിധയിടങ്ങളില്‍ മുദരിസായി സേവനം ചെയ്തു. ശേഷം 1983 മുതല്‍ 42 വര്‍ഷമായി രാമനാട്ടുകര ജാമിഅഃ മാഹിരിയ്യഃ അറബിക് കോളേജ് പ്രിന്‍സിപ്പളായി സേവനം തുടരുന്നു. പി സൈതാലി മുസ്ലിയാര്‍ മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പാലക്കല്‍വെട്ട സ്വദേശിയാണ്. പിതാവ് മൊയ്തീന്‍ കുട്ടി, മാതാവ് ഫാത്തിമ. വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനം. 1966ല്‍ ബാഖവി ബിരുദം നേടി. വിവിധയിടങ്ങളില്‍ മുദരിയാസിയ സേവനം ചെയ്ത ശേഷം 35 വര്‍ഷമായി മാമ്പുഴ മുദരിസായി സേവനം തുടരുന്നു. അബ്ദുല്‍ഗഫൂര്‍ അന്‍വരി മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മുതൂര് സ്വദേശിയാണ്. 1976ല്‍ ജനനം. പിതാവ് പി.പി സൈതലവി, മാതാവ് ഖദീജ. 2001ല്‍ പൊട്ടച്ചിറ അന്‍വരിയ്യ കേളേജില്‍ നിന്നും അന്‍വരി ബിരുദം നേടി. ശേഷം വിവിധ സ്ഥലങ്ങളില്‍ മുദരിസായി സേവനം ചെയ്തു. 2004 മുതല്‍ 21 വര്‍ഷമായി കൊണ്ടോട്ടി കോടങ്ങാട് മുദരിസാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മാതൃക ദര്‍സുകളിലൊന്നാണ് കോടങ്ങാട് ദര്‍സ്. ബശീര്‍ ഫൈസി ചീക്കോന്ന് കോഴിക്കോട് ജില്ലയിലെ നാദാപുരം ചീക്കോന്ന് സ്വദേശിയാണ്. പിതാവ് വെള്ളേരികണ്ടി അബ്ദുല്ല മുസ്ലിയാര്‍, മാതാവ് ആയിശ. കടമേരി റഹ്മാനിയ്യയില്‍ നിന്ന് ഉപരിപഠനത്തിന് പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്നു ഫൈസി ബിരുദം നേടി. വിവിധ സ്ഥലങ്ങളില്‍ മുദരിസായി സേവനം ചെയ്തു. ഇപ്പോള്‍ നാദാപുരം ജാമിഅഃ ഹാശിമിയ്യയില്‍ പ്രിന്‍സിപ്പളായി സേവനം തുടരുന്നു. മുഹമ്മദ് ഷരീഫ് ബാഖവി കണ്ണൂര്‍ ജില്ലയിലെ വേശാല സ്വദേശിയാണ്. പിതാവ് എന്‍.പി അബ്ദുല്ല മുസ്ലിയാര്‍, മാതാവ് കെ ആസ്യ. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും 1992ല്‍ എം.എഫ്.ബി ബിരുദം നേടി. ഇപ്പോള്‍ 33 വര്‍ഷമായി പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദില്‍ മുദരിസും ഖത്തീബുമാണ്. സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളന സ്വാഗത സംഘം സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഡിസംബര്‍ ആദ്യത്തില്‍ തമിഴ്നാട്ടില്‍ തൃച്ചിയില്‍ വിപുലമായ പ്രചാരണ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. നവംബര്‍ 23,24 തിയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനവും 27ന് ഒമാനിലും 29ന് കൊടക് ജില്ലയിലും, ഡിസംബര്‍ 5ന് ബഹ്റൈനിലും നടക്കുന്ന പ്രചാരണ സമ്മേളനങ്ങള്‍ വിജയിപ്പിക്കാനും യോഗം അഭ്യര്‍ത്ഥിച്ചു. സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 19 മുതല്‍ 28 വരെ തമിഴ്നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സമസ്ത പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ശതാബ്ദി സന്ദേശ യാത്ര വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ നഗരിയില്‍ ഉയര്‍ത്താനുള്ള 99 പതാകകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരക്കലില്‍ എത്തിച്ച് ഫെബ്രുവരി മൂന്നിന് 100 പതാകകള്‍ വഹിച്ച് കുണിയയിലേക്ക് പ്രയാണം നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ഇയ്യിടെ നിര്യാതരായ മുശാവറ അംഗങ്ങള്‍ മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍ എന്നിവരെ അനുസ്മരിച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്തിയുമാണ് യോഗ നടപടികള്‍ ആരംഭിച്ചത്. വൈസ് പ്രസിഡന്റ് എം.പി കുഞ്ഞുമുഹമ്മദ് മുസലിയാര്‍ നെല്ലായ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, കെ.എം ഉസ്മാനുല്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി സംസാരിച്ചു

Recent Posts