News and Events

img
  2024-12-11

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

കോഴിക്കോട് : 1991 സെപ്തംബര്‍ 18ന് രാജ്യത്ത് നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. 1991ലെ നിയമത്തില്‍ വകുപ്പ് 4 പ്രകാരം ഒരു ആരാധനാലയത്തിന് 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന മതപരമായ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ലാത്തതാണ്. ആയത് പ്രകാരം ഇന്ത്യാ രാജ്യത്ത് നിലവിലുള്ള ഒരു പള്ളിയും സര്‍വ്വെ നടത്താനോ അല്ലെങ്കില്‍ അതിന്റെ ഉത്ഭവം അന്വേഷിക്കാനോ പാടില്ലാത്തതാണ്. ഈ നിയമത്തിനെതിരെ ചില തീവ്രവാദികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 1991ലെ ആരാധാനലയ സംരക്ഷണ നിയമത്തിന് അനുകൂലമായി വാദം ഉന്നയിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതി മുമ്പാകെ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. അനുകൂല തീരുമാനം ബഹു. സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ ഒരു വിദ്യാഭ്യാസ സംവിധാവുമായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ബന്ധമില്ലെന്നത് സമസ്ത മുശാവറ നേരത്തെ തീരുമാനിച്ച് പ്രഖ്യാപിച്ചതാണ്. സി.ഐ.സിയുടെ ജനറല്‍ സെക്രട്ടറയായി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും തെരഞ്ഞടുക്കപ്പെട്ടതിനാലും സമസ്തയുടെ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും കൂടി എടുത്ത ഒമ്പത് തീരുമാനങ്ങള്‍ സി.ഐ.സി അംഗീകരിച്ച് നടപ്പാക്കത്തതിനാലും അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ സി.ഐ.സി സംവിധാനവുമായി സമസ്തക്ക് ബന്ധമില്ലെന്ന് യോഗം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. എന്നാൽ, ഇരുനേതാക്കളും എടുത്ത ഒമ്പത് തീരുമാനങ്ങൾ സി.ഐ.സി യെകൊണ്ട് അംഗീകരിപ്പിക്കാമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത നേതാക്കളോട് പറഞ്ഞത് നടപ്പാക്കുന്ന മുറക്ക് മേൽ തീരുമാനം പുനഃപരിശോധിക്കാനും നിശ്ചയിച്ചു. മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച് ആവശ്യമായ രേഖകളും കോടതി വിധികളും കൂടുതല്‍ പരിശോധിച്ച് പ്രഖ്യാപിക്കുന്നതാണ്. വഹാബി സ്ഥാപകനായ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്റെ 'കിത്താബുത്തൗഹീദ്' എന്ന ഗ്രന്ഥം കാവ്യരൂപത്തിലാക്കിയ അന്‍വര്‍ അബ്ദുല്ല ഫള്ഫരിയെ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കേളേജ് കമ്മിറ്റിയോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഈ മാസം 27ന് നടക്കുന്ന ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എ.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വാക്കോട്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം. അബ്ദുല്ല ഫൈസി, എം.പി മുസ്തഫര്‍ ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി.കെ സൈതാലിക്കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി, കെ.എം ഉസ്മാനുല്‍ ഫൈസി തോടാര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി പ്രസംഗിച്ചു.

Recent Posts