News and Events

img
  2024-06-26

ഹൃദ്യം, ഉജ്ജ്വലം സമസ്ത നേതൃസംഗമം

കോഴിക്കോട്: ആദര്‍ശ വിശുദ്ധിയോടെ ഒരു നൂറ്റാണ്ട് പിന്നിടുന്ന കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിതസഭ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന നേതൃസംഗമം ഹൃദ്യമായി. പണ്ഡിത ശ്രേഷ്ഠരുടെയും ഉമറാക്കളുടെയും സാദാത്തുക്കളുടെയും സാന്നിധ്യം ചടങ്ങിനു ധന്യതയേകി. ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങള്‍ തനിമ ചോരാതെ കാത്തുസൂക്ഷിക്കുമെന്നും നവീന വാദികള്‍ക്കും ബിദഈ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ പ്രതിരോധം തുടരുമെന്നും പ്രഖ്യാപിച്ച നേതൃസംഗമം പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി. സംഘടനയുടെ ചരിത്രവും കാലിക പ്രസക്തിയും ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു നേതാക്കുളുടെ പ്രസംഗങ്ങള്‍. സ്ഥാപക ദിനാചരണ പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിന്റെ ആശയങ്ങള്‍ വികലമാക്കാന്‍ അനുവദിക്കില്ലെന്നും ആദര്‍ശ ശത്രുക്കള്‍ക്കെതിരെ നിതാന്ത ജാഗ്രത തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സമസ്ത അവരുടെ വിശ്വാസങ്ങളും കര്‍മങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഭീകരതയടക്കം രാജ്യദ്രോഹ നിലപാടുകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന ആരുണ്ടെങ്കിലും അതിനെതിരെ സംഘടന ആഞ്ഞടിച്ചിട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജിഫ്‌രി തങ്ങള്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ അടക്കം മുസ്‌ലിം സമുദായത്തിന് സമസ്ത ചെയ്ത സേവനങ്ങള്‍ നിരത്തിയാണ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചത്. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപക അധ്യക്ഷന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയായിരുന്നു നേതൃസംഗമ പരിപാടികള്‍ക്ക് തുടക്കമായത്. കോഴിക്കോട് സമസ്ത അങ്കണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡണ്ട് എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ 'സമസ്ത പിന്നിട്ട നൂറ്റാണ്ടും നൂറാം വാര്‍ഷിക പദ്ധതികളും വിഷയാവതരണം നടത്തി. വെല്ലൂര്‍ ബാഖിയത്തു സ്വാലിഹാത്ത് പ്രിന്‍സിപ്പള്‍ ശൈഖ് അബ്ദുല്‍ഹമീദ് ഹസ്‌റത്ത് ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളും സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികളുമാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കീഴ്ഘടകങ്ങളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിലും കേരളത്തിനകത്തും പുറത്തുമായി വിവിധ പരിപാടികള്‍ നടന്നു.

Recent Posts