മലപ്പുറം: പരമോന്നത പണ്ഡിത സഭയായ സമസ്തയുടെ നേതൃനിരയിലും ആഗോള പണ്ഡിത വേദികളിലും ഒരുപോലെ തിളങ്ങിയ പണ്ഡിതപ്രതിഭയായിരുന്നു പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര് ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതശ്രേഷ്ഠരില്‍ നിന്ന് നുകര്‍ന്ന വിജ്ഞാനവെളിച്ചമാണ് ആലിക്കുട്ടി മുസ്ലിയാരെ അറിവിന്റെ ഉന്നതങ്ങളിലേക്ക് വഴിനടത്തിയത്. അറബ് ലോകത്തുള്‍പ്പെടെ സുപ്രധാന വൈജ്ഞാനിക ചര്‍ച്ചകളില്‍ പണ്ഡിത പ്രതിനിധിയായി അദ്ദേഹം സാന്നിധ്യമറിയിച്ചു. സഊദി അറേബ്യ, ഈജിപ്ത്, ലിബിയ, തുര്‍ക്കി, സെനഗല്‍, ഇറാഖ്, മൊറോക്കോ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സെമിനാറുകളിലും സമഗ്രമായ പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പണ്ഡിത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ലോകതലത്തില്‍ ഇസ്ലാമിക ആത്മീയതയും തസവ്വുഫും ചര്‍ച്ച ചെയ്യപ്പെട്ട വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായി. 2011ല്‍ ലിബിയയില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012ല്‍ മൊറോക്കോയില്‍ നടന്ന ആഗോള സംഗമത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും തസവ്വുഫ് വിഷയമാക്കി അദ്ദേഹം അവതരിപ്പിച്ച ആഴത്തിലുള്ള പ്രബന്ധങ്ങള്‍ ആഗോള തലത്തില്‍ വലിയ പ്രശംസ നേടി. ന്താരാഷ്ട്ര ഇസ്ലാമിക ലോകത്തെ ഏറ്റവും ഉന്നതമായ സംഘടനയായ മുസ്ലിം വേള്‍ഡ് ലീഗിന്റെ കീഴിലുള്ള 'ഇസ്ലാമിക ഫിഖ്ഹ് കൗണ്‍സില്‍' അംഗമെന്ന അപൂര്‍വ്വ പദവിയും അദ്ദേഹം അലങ്കരിച്ചു. ഇസ്ലാമിക കര്‍മ്മശാസ്ത്ര രംഗത്തെ സങ്കീര്‍ണ്ണമായ ആധുനിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ആഗോള കൗണ്‍സിലില്‍ ഒരു മലയാളി പണ്ഡിതന്റെ സാന്നിധ്യം വന്‍ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പതിനായിരക്കണക്കിന് പ്രഗത്ഭരായ ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജാമിഅയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ 'ഓസ്ഫോജ്ന'യിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍ മലയാളി പണ്ഡിതന്മാരുടെയും പ്രവാസികളുടെയും ആഗോള ശൃംഖല നിര്‍മ്മിച്ചെടുക്കുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. അല്‍ മുഅല്ലിം, അല്‍ നൂര്‍, സുന്നി അഫ്കാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായും ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായി കേരള മുസ്ലിം ഡാറ്റാ ബാങ്ക് വെബ് പോര്‍ട്ടലിന്റെ അമരക്കാരനായും പ്രവര്‍ത്തിച്ചുകൊണ്ട് മാധ്യമവിജ്ഞാന രംഗങ്ങളിലും തന്റെ സാന്നിധ്യം ഉറപ്പിച്ചു. പാരമ്പര്യ ദര്സില് നിന്ന് തുടങ്ങി, ഇസ്ലാമിക ലോകത്തെ ഏറ്റവും പരമോന്നത സഭയായ മുസ്ലിം വേള്‍ഡ് ലീഗിന്റെ വിചാരവേദികള്‍ വരെ എത്തിനിന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ ജീവിതം കേരളത്തിന്റെയും ഇന്ത്യയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചുനിന്ന മഹത്തായ ഒരു ആഗോള വൈജ്ഞാനിക സാമ്രാജ്യത്തിന്റെ കഥയാണ്.
2026-07-25
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്ങ്
2026-05-09
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies