News and Events

img
  2026-01-31

മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം

കുണിയ (കാസർകോട് ): അറിവും അനുഭൂതിയും നിറഞ്ഞ വിസ്മയ ചെപ്പ് തുറന്നു. വിജ്ഞാനത്തിൻ്റെ ആകാശങ്ങളിൽ ഉയർന്നു പറന്നും, പവിഴ മുത്തുകളുടെ ആഴിയിൽ ഊളിയിട്ടും ഇനി പത്തുനാൾ ഗ്ലോബൽ എക്സ്പോ സജീവമാകും. സമസ്ത ശതാബ്ദി സമ്മേളന നഗരിയിൽ വിജ്ഞാന ദാഹികൾക്കായി തുറന്നു വച്ച എക്സ്പോയിലേക്ക് ഇന്നു മുതൽ ജനം ഒഴുകും. പത്ത് പവലിയനുകളും അനുബന്ധ സ്റ്റാളുകളും അടങ്ങിയ പ്രദർശനം കാണാൻ കുറഞ്ഞത് മൂന്ന് മണിക്കൂറിലേറെ സമയമെടുക്കും. ആദർശ വിശുദ്ധിയുടെ നൂറ്റാണ്ടുകൾ തീർത്ത ധാർമിക പ്രകാശത്തെയാണ് എക്സ്പോ വിളംബരം ചെയ്യുന്നത്. പ്രതാപത്തിൻ്റെ നേർസഞ്ചാര കാലത്തെ അടയാളപ്പെടുത്തുന്ന കപ്പൽ മാതൃകയിലാണ് എക്സ്പോയുടെ കവാടം. ഇതിലൂടെ കടന്നു ചെന്നാൽ ആദ്യമെത്തുന്ന ഹാളിൽ എച്ച്.ആർ അംഗങ്ങൾ എക്സ്പോയുടെ സന്ദേശം കൈമാറും. തുടർന്ന് പവലിയനുകളിലേക്കു നീങ്ങാം. സമസ്ത സ്ഥാപക നേതാവ് വരക്കൽ മുല്ലക്കോയ തങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ സമസ്തയുടെ ശതാബ്ദി കാലഘട്ടത്തെ പുതുകാലത്തേക്ക് ചേർത്തുവെക്കുകയാണ്. തുടർന്ന് സവിശേഷമായ സുവർണകാലഘട്ടം എന്ന പവലിയനിലേക്ക് നീങ്ങാം. എട്ടു മുതൽ പതിനാല് നൂറ്റാണ്ട് വരെയുള്ള ഇസ് ലാമിക സമൂഹത്തിൻ്റെ സാംസ്കാരിക വിനിമയങ്ങളാണ് ഇവിടെയുള്ള ജ്ഞാന വിരുന്ന്. ധാർമികത, ശാസ്ത്രം, സാഹിത്യം, കല തുടങ്ങി മുസ്‌ലിം ചരിത്രത്തിൻ്റെ സുവർണ കാലത്തെ പരിചയപ്പെടുത്തുന്നു. കേരളീയ മുസ് ലിം മാപ്പിള പാരമ്പര്യം വഴികാട്ടിയ സുന്നീ അടരുകളിലൂടെ ആത്മീയ അനുഭൂതി നേടിയ തലമുറയെ അവിടെ പരിചയപ്പെടാം. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയ മൂന്നാം പവലിയനിൽ വിശ്വ പണ്ഡിത പാരമ്പര്യത്തിൻ്റെ തുടർച്ച സമസ്ത കൈമാറ്റം ചെയ്യുന്ന രീതി മനസിലാക്കാം. കർമ ശാസ്ത്രം ഓതിപ്പഠിച്ച ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥ മാതൃകയാണ് കാണികളെ കൂട്ടിക്കൊണ്ടു പോവുന്നത്. ഹിറ, ദാറുൽ അർഖം എന്നീ വൈജ്ഞാനിക പാരമ്പര്യത്തിൻ്റെ കൈമാറ്റത്തിലൂടെ കടന്നുവന്ന കാലത്തെ എക്സ്പോ പരിചയപ്പെടുത്തുന്നു. നവ കാലത്ത് ദർസ്, ഓത്തുപള്ളി, മദ്റസ, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ടെക്നോളജി സാധ്യതകൾ എന്നിവ മനസിലാക്കാനുളള അവസരം ഒരുക്കുന്നു. എ.ഐ സ്റ്റാൾ, വി.ഐ സാങ്കേതിക ദൃശ്യങ്ങൾ, ആർട്ട് ആൻഡ് കാലിഗ്രഫി പവലിയൻ, ദർസ് ആൻഡ് അറബിക് കോളജ് പവലിയൻ, പുസ്തക മേള, ഫുഡ് കോർട്ട്, തുടങ്ങി വിവിധ സംവിധാനങ്ങൾ എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയും രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ സ്ത്രീകൾക്കും തിങ്കളാഴ്ച മുതൽ സമാപന ദിനമായ ഫെബ്രുവരി എട്ടുവരെ പുരുഷൻമാർക്കുമാണ് എക്സ്പോയിൽ പ്രവേശനം.

Recent Posts