News and Events

img
  2026-01-31

സമസ്ത ഗ്ലോബൽ എക്സ്പോ; ഇന്നും നാളെയും പ്രവേശനം സ്ത്രീകൾക്ക് മാത്രം

കുണിയ (കാസർകോട്): സർഗാത്മക ആവിഷ്‌കാരങ്ങളും വൈവിധ്യ കാഴ്ചകളുമൊരുക്കി വിസ്മയങ്ങളുടെ ലോകം മിഴിതുറന്നു. കാഴ്ചക്കാർക്ക് വിജ്ഞാനവും കൗതുകവും പകർന്ന് സമസ്ത ഗ്ലോബൽ എക്‌സ്‌പോയ്ക്ക് കുണിയയിൽ പ്രൗഢത്തുടക്കം കുറിച്ചു. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് കുണിയയിലെ അഞ്ചര ഏക്കർ സ്ഥലത്ത് നടക്കുന്ന എക്‌സ്‌പോയിൽ ഇന്നും നാളെയും സ്ത്രീകൾക്കും ഫെബ്രുവരി രണ്ടു മുതൽ എട്ടുവരെ പുരുഷന്മാർക്കുമാണ് പ്രവേശനം. വിശാലമായ 10 പവലിയനുകളിലൊന്നായ ഖാസി മുഹമ്മദ് സ്‌ക്വയറിൽ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി വരെ അന്തർ ദേശീയ, ദേശീയ മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള പാനൽ ഡിസ്‌കഷനുകളും അരങ്ങേറും. എക്സ്പോ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഇതിഹാസോജ്വലമായ നൂറുവർഷത്തെ പൈതൃകമാണ് സമസ്തയ്ക്കെന്ന് അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത നൂറുവർഷമാണ് സമസ്തയുടെ ചരിത്രം. രാഷ്ട്രീയ- സാംസ്‌കാരിക- സാമൂഹിക- ജീവകാരുണ്യ മേഖലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയാണ് സമസ്ത. കേരളത്തിൽ മാത്രമല്ല, ലോകത്ത് ഇസ്‌ലാമിക രാജ്യങ്ങളിലും അല്ലാത്ത രാജ്യങ്ങളിലും സമസ്തയെ ഉറ്റുനോക്കുകയാണ്. സമഭാവനയോടെ പ്രവർത്തിച്ച ചരിത്രമാണ് സമസ്തയ്ക്ക്. നിലപാടുള്ള നേതൃത്വമാണ് സമസ്തയ്ക്കുള്ളത്. ഒരു മേഖലയിലും സമസ്തയ്ക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടില്ലെന്നും ഗ്ലോബൽ എക്സ്പോ പലതുകൊണ്ടും വ്യത്യസ്തമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽഖാദർ ഖാസിമി അധ്യക്ഷനായി. എക്‌സ്പോ തീം ഡോ. ഷഫീഖ് റഹ്‌മാനി വഴിപ്പാറ അവതരിപ്പിച്ചു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുസലാം ദാരിമി ആലംപാടി, ഉസ്മാൻ ഫൈസി തോടാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, സമസ്ത സമ്മേളന കോഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ, എക്സ്പോ ചീഫ് അഡ്വൈസർ എസ്.വി മുഹമ്മദലി, എക്സ്പോ ചെയർമാൻ ഹാഷിം ദാരിമി ദേലംപാടി, വർക്കിങ് കൺവീനർ അബ്ദുൽഹക്കീം ഫൈസി തോട്ടര സംസാരിച്ചു.

Recent Posts