News and Events

img
  2026-01-12

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 - 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവൻതിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്. മൊഗ്രാൽ അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുൽഹസൻ, കെ. അബ്ദുല്ല മുസ്‌ലിയാർ, വെളിമുക്ക് കെ.ടി മുഹമ്മദ് കുട്ടി മുസ്‌ലിയാർ, ചാലിയം പി. അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, എം.എം ബഷീർ മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്‌റത്ത്, അബൂബക്കർ ഹസ്രത്ത്, കെ.കെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരാണു പ്രധാന ഗുരുനാഥൻമാർ. 1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ അംഗം, സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ചെയർമാൻ, 1974 മുതൽ സമസ്ത കാസർകോട് താലൂക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡന്റ്, ചെമ്മാട് ദാറുൽ ഇസ്‌ലാമിക് സർവകാലശാലാ സെനറ്റ് അംഗം, നീലേശ്വരം മർക്കസുദ്ദഅ്‌വ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. കുമ്പള ജുമാമസ്ജിദ്, ഇച്ചിലങ്കോട് ജുമാമസ്ജിദ്, മൊഗ്രാൽ ജുമാമസ്ജിദ്, തൃക്കരിപ്പൂർ ബീരിച്ചേരി ജുമാമസ്ജിദ്, പുതിയങ്ങാടി ജുമാമസ്ജിദ്, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വൾവക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിരുന്നു. ഭാര്യമാർ: സകിയ്യ, പരേതയായ മറിയം. മക്കൾ: മുഹമ്മദലി ശിഹാബ്, ഫള്‌ലുറഹ്മാൻ, നൂറുൽ അമീൻ, അബ്ദുല്ല ഇർഫാൻ, ഷഹീറലി ശിഹാബ് (എല്ലാവരും ഗൾഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈൽ), പരേതരായ മുഹമ്മദ് മുജീബ് റഹ്‌മാൻ, ആയിശത്തുഷാഹിദ (ചേരൂർ). മരുമക്കൾ: യു.കെ മൊയ്തീൻ കുട്ടി മൗലവി (മൊഗ്രാൽ), സി.എ അബ്ദുൽഖാദർ ഹാജി (സഊദി), ഇ. അഹമ്മദ് ഹാജി (ചേരൂർ), ഖജീദ (ആലംപാടി), മിസ്‌രിയ (കൊടിയമ്മ), സഫീന (തളങ്കര), മിസ്‌രിയ (പേരാൽ കണ്ണൂർ), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാൽ).

Recent Posts