News and Events

img
  2026-01-25

സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദില്‍ ദേശീയ അക്കാദമിക് സെമിനാര്‍ സംഘടിപ്പിച്ചു

ഹൈദരാബാദ്: സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ക്യാംപസ് വിങ്ങിന്റെ നേതൃത്വത്തില്‍ 'Heritage, Faith and Nation: The Role of Traditional Muslims in Nation Building' എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ അക്കാദമിക് സെമിനാര്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ചു. നാമ്പള്ളി ഹോട്ടല്‍ മജസ്റ്റിക്കില്‍ നടന്ന സെമിനാര്‍ മതസാമൂഹികദേശീയ വിഷയങ്ങളിലെ ഗൗരവമായ അക്കാദമിക് ചര്‍ച്ചകള്‍ക്ക് വേദിയായി. സെമിനാര്‍ ജാമിഅ നിസാമിയ്യ ഫിഖ്ഹ് വിഭാഗം മേധാവി സയ്യിദ് മുഫ്തി വാഹിദ് അലി സാഹിബ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇസ്ലാമിക പണ്ഡിത്യം ഇന്ത്യയുടെ സാമൂഹിക ഐക്യത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും നല്‍കിയ സംഭാവനകള്‍ അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ വിശദീകരിച്ചു. ഉദ്ഘാടന വേളയില്‍ അല്‍ ഹാഫിസ് ജിയാദ് ഖിറാഅത്ത് നിര്‍വഹിച്ചു. എസ്‌കെഎസ്എസ്എഫ് നാഷണല്‍ ക്യാമ്പസ് വിങ് കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ ചണ്ഡീഗഡ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ വസീം അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അസ്‌ലം ഫൈസി (ബംഗളൂരു) മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നുള്ള അക്കാദമിക് സെഷനുകളില്‍ ജാമിഅ ദാറുസ്സലാം നന്തി അസിസ്റ്റന്റ് പ്രൊഫസര്‍ ഷുഹൈബ് അല്‍ ഹൈതമി വരമ്പറ്റ ''വിശ്വാസവും രാഷ്ട്രവും: സാമൂഹിക ജീവിതത്തിന്റെ മതപരമായ അടിത്തറകള്‍'' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. സത്യധാര ഫോര്‍ട്ട്‌നൈറ്റ്‌ലി ചീഫ് എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍ ''രാഷ്ട്രനിര്‍മ്മാണത്തിലെ പരമ്പരാഗത മുസ്‌ലിംകളുടെ പങ്ക്'' എന്ന വിഷയത്തില്‍ സംസാരിച്ചു. മൗലാന ആസാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ സഫിയുള്ള വാഫി ''ഇന്ത്യയിലെ ഇസ്ലാമിക വൈവിധ്യങ്ങളുടെ സംവാദം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു പരമ്പരാഗത പണ്ഡിത സ്ഥാപനമായി'' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ക്യാംപസ് വിങ് ചെയര്‍മാന്‍ വസീം അമ്പലക്കടവ് അധ്യക്ഷത നിര്‍വ്വഹിച്ചു. ത്വാഹ പുതുക്കോട്, സല്‍മാന്‍ മുര്‍ഷിദാബാദ്, സല്‍മാന്‍ ഹസനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ഹാദി മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

Recent Posts