News and Events

img
  2026-02-13

സമസ്ത 100-ാം വാർഷിക പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പാക്കും

ചേളാരി: 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൽ അവതരിപ്പിച്ച സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പത്തിന പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പാക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങൾ ദേശീയ, അന്തർദേശീയ തലത്തിലേക്ക് കൂടുതൽ വ്യാപനം സാദ്ധ്യമാക്കും. സി.എസ്.ഡബ്ല്യൂ.സി, എസ്.എൻ.ഇ.സി, അൽബിർറ്, അസ്മി, ഇ. ലേണിംഗ് എന്നീ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തും. വയോജന വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, ദർസ് ശാക്തീകരണം, ഗുരുമുഖ വിദ്യാഭ്യാസം, ആത്മീയ ഉദ്‌ബോധനം എന്നിവക്ക് ഊന്നൽ നൽകും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ബോർഡ് അംഗങ്ങളും വിദഗ്ദരും പങ്കെടുത്ത് കൊണ്ടുള്ള ശില്പശാല നടത്താനും യോഗം തീരുമാനിച്ചു. സമസ്തയുടെ 100 വർഷത്തെ നിലപാടുകൾക്കും സേവനങ്ങൾക്കും ലോകം നൽകിയ അംഗീകാരമാണ് കാസർഗോഡ് കുണിയയിൽ നടന്ന 100-ാം വാർഷിക മഹാസമ്മേളനത്തിന്റെ ചരിത്ര വിജയമെന്ന് യോഗം വിലയിരുത്തി. പുതുതായി 6 മദ്‌റസകൾക്ക് കൂടി യോഗം അംഗീകാരം നൽകി. ഇതോട് കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 11096 ആയി. ദാറുസ്സലാം മദ്‌റസ, കടമ്പു, പെർണെ (ദക്ഷിണ കന്നട), മൻസൂറുൽ ഇസ്‌ലാം മദ്‌റസ, ചങ്ങാടക്കടവ്, പനമരം (വയനാട്), ദാറുൽ ഇസ്ലാം അറബിക് ഹയർ സെക്കണ്ടറി മദ്‌റസ, ടിപ്പു നഗർ, വി.കെ.പടി (മലപ്പുറം), ഇർഷാദുൽ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ, കണ്ണേറ്റി, കാരംകോട് (കൊല്ലം), നൂറുൽ ഹുദാ മദ്‌റസ, തൃക്കണാപുരം, തവനൂർ റോഡ് (മലപ്പുറം), ഡോൺ പബ്ലിക്ക് സ്‌കൂൾ മദ്‌റസ, പുറക്കാട്ടിരി, തലക്കുളത്തൂർ (കോഴിക്കോട്) എന്നീ മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്. ഫെബ്രുവരി 14 ന് വെളിമുക്ക് ക്രസന്റിൽ ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടുകൾക്ക് യോഗം അംഗീകാരം നൽകി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. എ.വി.അബ്ദുറഹിമാൻ മുസ്‌ലിയാർ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, എം.സി. മായിൻ ഹാജി, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം സംസാരിച്ചു. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

Recent Posts