ശതാബ്ദി സന്ദേശം പകരാൻ യാത്ര ഇന്ന് മൂന്ന് ജില്ലകളിൽ
തിരുവനന്തപുരം: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര കന്യാകുമാരിയും തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ഇന്ന് പത്തനംതിട്ടയിലെത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ജാഥയുടെ പര്യടനം. പത്തനംതിട്ട ആയ്യൂർ കൊട്ടാരക്കര അടൂർ-ആദിക്കാട്ടുകുളങ്ങര വഴി പന്തളം കടക്കാട് വഴി പന്തളത്ത് എത്തും. കടക്കാട് മസ്ജിദ് ജംങ്ഷനിൽ രാവിലെ 9.30ന് സ്വീകരണസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഹാജി എസ്. മുഹമ്മദ് ഷുഹൈബ് അധ്യക്ഷനാവും. മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സാലിം ഫൈസി കുളത്തൂർ വിഷയാവതരണം നടത്തും. പന്തളത്തെ സ്വീകരണത്തിനുശേഷം ജാഥ അക്ഷര നഗരിയായ കോട്ടയത്തേക്ക്. കടക്കാട്, കായംകുളം, തോട്ടപ്പള്ളി അമ്പലപ്പുഴ, തകഴി എടത്വാ വഴി ചങ്ങനാശ്ശേരിയിലെത്തും. ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയത്തേക്ക്. 2.30ന് കോട്ടയം തിരുനക്കര മൈതാനിയിലെ സ്വീകരണസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എസ്.എം ഫുആദ് ഹാജി അധ്യക്ഷനാവും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാവും.
ശുഐബുൽ ഹൈതമി, മുജ്തബ ഫൈസി, സ്വാലിഹ് അൻവരി ചേകനൂർ വിഷയാവതരണം നടത്തും. രണ്ട് ജില്ലയിലെ സ്വീകരങ്ങൾക്കുശേഷം കുട്ടനാട്ടിലേക്ക്. മങ്കൊമ്പ് കളർകോട് വഴി ആലപ്പുഴ സിവിൽ സ്റ്റേഷൻ പരിസരത്തെത്തുന്ന ജാഥയെ ആലപ്പുഴ പൊലിസ് പരേഡ് ഗ്രൗണ്ടിൽ സ്വീകരിച്ച് സമസ്തയുടെ ചരിത്രപ്രസിദ്ധമായ 90ാം വാർഷിക മഹാസമ്മേളനം നടന്ന ആലപ്പുഴ ബീച്ചിലേക്ക്.