സമസ്ത നൂറാം വാർഷിക മഹാസമ്മേളനം; ശ്രദ്ധാകേന്ദ്രമായി കുണിയ
കുണിയ (കാസർകോട്): ഫെബ്രുവരി 04 മുതൽ 08 വരെ കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശ്രദ്ധാ കേന്ദ്രമായി കാസർകോട് ജില്ലയിലെ കുണിയ ഗ്രാമം. കാസർകോട് നഗരത്തിൽ നിന്ന് 20 കിലോമീറ്ററും കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 15 കിലോമീറ്ററും അകലെയുള്ള കുണിയയിൽ സമ്മേളന ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സമസ്ത സമ്മേളനം ഇവിടെ പഖ്യാപിച്ചത് മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ സന്ദർശനത്തിന് കുണിയയിൽ എത്തുന്നുണ്ട്. സമ്മേളനം അടുത്തതോടെ സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്.
രാപകൽ ഭേദമന്യേ സമ്മേളന പ്രവൃത്തികളും നടന്നുവരുന്നുണ്ട്. 33313 പ്രതിനിധികൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ പന്തലിന്റെയും ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളന നഗരിയുടെയും അന്താരാഷ്ട്ര നിലവാരമുള്ള എക്സ്പോ പവലിയനുകളുടെയും നിർമാണം പുരോഗമിക്കുന്നു. മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് ഇവയെല്ലാം സജ്ജീകരിക്കുന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും വർക്കിങ് കൺവീനർ എം.ടി അബ്ദുല്ല മുസ്ലിയാരും കോഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്ററും നിരന്തരം സൈറ്റ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ജില്ലയിലെ സമസ്തയുടെയും പോഷക സംഘടകളുടെയും നേതാക്കളും പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭാരവാഹികളും പ്രാദേശിക സ്വാഗതസംഘം ഭാരവാഹികളും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലാണ്. സ്വാഗത സംഘം ഓഫിസിൽ കാസർകോട് ജില്ലാതല സ്വാഗത സംഘം ഭാരവാഹികളുടെയും കേന്ദ്രതല സ്വാഗത സംഘം സബ് കമ്മിറ്റി ചെയർമാൻ, കൺവീനർ എന്നിവരുടെയും സംയുക്ത യോഗത്തിൽ കാര്യങ്ങൾ അവലോകനം ചെയ്യുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.