സമസ്ത സെൻ്റിനറി ക്യാമ്പ്: 33,313 പേരെ നയിക്കാൻ സർവ്വസജ്ജരായി 939 കോർഡിനേറ്റർമാർ
കോഴിക്കോട്: ലക്ഷ്യബോധത്തോടെയുള്ള ആസൂത്രണവും ആത്മവിശ്വാസം തുടിക്കുന്ന നേതൃത്വവുമായി സമസ്ത സെൻ്റിനറി ഫോർമേഷൻ ക്യാമ്പ് സമാപിച്ചു. 2026 ഫെബ്രുവരിയിൽ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ സംഗമിക്കുന്ന 33,313 പ്രതിനിധികളെ അച്ചടക്കത്തോടെ നയിക്കാൻ തങ്ങൾ സർവ്വസജ്ജരാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഫറോക്ക് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം. സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ വർക്ക്ഷോപ്പ് കോർഡിനേറ്റർമാർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകിയത്.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് സമിതി ജനറൽ കൺവീനറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സി.കെ. അബ്ദുറഹിമാൻ ഫൈസി അരിപ്ര അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി മുഖ്യപ്രഭാഷണം നടത്തി. 33,313 പ്രതിനിധികളെ 313 ക്ലസ്റ്ററുകളായി വിഭജിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓരോ ക്ലസ്റ്ററിനും നേതൃത്വം നൽകുന്ന സി.എഫ്. (CF), എസ്.എഫ്.ജി. (SFG), എസ്.എഫ്.ഡി. (SFD) വിഭാഗങ്ങളിലുള്ള 939 മെൻ്റേഴ്സാണ് ഫോർമേഷൻ വർക്ക്ഷോപ്പിൽ പങ്കെടുത്തത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് സംവിധാനങ്ങളിലൂടെ ഇത്രയും വലിയൊരു ജനവിഭാഗത്തെ എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ഓരോ കോർഡിനേറ്റർക്കും കൃത്യമായ പരിശീലനം നൽകി.
സമസ്ത കേന്ദ്ര മുശാവറ അംഗം ശരീഫ് ബാഖവി ആമുഖ പ്രഭാഷണം നടത്തി. സെൻ്റിനറി ക്യാമ്പ് കോർഡിനേറ്റർ മുസ്തഫ അശ്റഫി കക്കുപടി, എസ്.വി. മുഹമ്മദലി മാസ്റ്റർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നിസാം കുന്നുംപുറം ക്യാമ്പ് പോർട്ടൽ പരിശീലനം നൽകി.
പി.എ. ശിഹാബുദ്ധീൻ മുസ്ലിയാർ (ആലപ്പുഴ), അനീസ് കൗസരി (കർണാടക), സിദ്ദീഖ് ഫൈസി, ബഷീർ അസ്അദി (കണ്ണൂർ), സയ്യിദ് ഹുസൈൻ തങ്ങൾ (കാസർഗോഡ്), അശ്റഫ് ഫൈസി (കൊടക്), അയ്യൂബ് മാസ്റ്റർ, ശബീർ ഫൈസി, ജഅ്ഫർ ദാരിമി അൽഹൈത്തമി, കെ. മുഹമ്മദ് കുട്ടി ഹസനി, കെ.എ. നാസർ മൗലവി (വയനാട്), ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ ബാഖവി, സിറാജുദ്ധീൻ ദാരിമി, പി. ഹസൈനാർ ഫൈസി (കോഴിക്കോട്), അബ്ബാസ് ഫൈസി വാരാമ്പറ്റ, റഫീഖ് ചെന്നൈ, ശഫീഖ് റഹ്മാനി എന്നിവർ സംസാരിച്ചു. സിറാജുദ്ദീൻ ഖാസിലേൻ സ്വാഗതവും വി.ടി. അശ്റഫ് മുസ്ലിയാർ കഷായപ്പടി നന്ദിയും പറഞ്ഞു.