സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ
കുണിയ (കാസർകോട്): കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തെ വരവേൽക്കാനുള്ള തയാറെടുപ്പിൽ കുണിയ ഗ്രാമം. കഴിഞ്ഞ ദിവസം കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കാംപസ് ഹാളിൽ നടന്ന വിവിധ സമുദായ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം നടന്നു.
കുണിയയിൽ നടക്കാനിരിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും സമ്മേളനമാണെന്നും അത് വിജയിപ്പക്കേണ്ടത് നാടിന്റെയാകെ ബാധ്യതയാണെന്നും ക്ഷേത്രകമ്മിറ്റി അംഗങ്ങളും വിവിധ സമുദായ നേതാക്കളും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എടുത്തുപറഞ്ഞത് ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. 150ഓളം ഹൈന്ദവ, ക്രൈസ്തവ സമുദായ അംഗങ്ങൾ അണിനിരന്ന യോഗം ഒരു നാടൊന്നാകെ സമ്മേളനം ഏറ്റെടുത്തുവെന്നതിന്റെ നേർസാക്ഷ്യം കൂടിയായി. മത സൗഹാർദത്തിന്റെ ലോകോത്തര മാതൃക ഈ നാട് നേരത്തെ കാണിച്ചതാണ്.
കുണിയ അയമ്പാറ ക്ഷേത്രകമ്മിറ്റിയും കുണിയ ബിലാൽ ജുമാമസ്ജിദ് കമ്മിറ്റിയും തുല്യ പങ്കാളിത്തത്തിൽ 2021ൽ ഇവിടെ സംയുക്തമായി സ്ഥാപിച്ച പ്രവേശന കവാടം ഈ നാടിന്റെ സൗഹൃദത്തിന്റെ മാതൃകയാണ്. സമുദായ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം സമസ്ത സമ്മേളന സ്വാഗതസംഘം ജില്ലാ നിരീക്ഷകൻ ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രദേശിക സ്വാഗതസംഘം ചെയർമാൻ കെ.എ മൊയ്തു കുണിയ അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സബിത, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.എ ഷാഫി, അംഗങ്ങളായ ഉഷ, വേണു, ശോഭന, പള്ളിക്കര പഞ്ചായത്ത് അംഗങ്ങളായ അഷിത ബങ്ങാട്, ടി. മാധവൻ, രാജ കുസുമം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എച്ച് ഹനീഫ, അംഗം പി. ശാന്ത, എം. സിന്ധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എം. മോഹനൻ, പനയാൽ ലോക്കൽ സെക്രട്ടറി കെ. നാരായണൻ, കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡന്റ് കെ. രാജൻ, യു.ഡി.എഫ് പുല്ലൂർ പെരിയ പഞ്ചായത്ത് കൺവീനർ ടി.രാമകൃഷ്ണൻ, മുസ് ലിംലീഗ് കുണിയ ശാഖാ പ്രസിഡന്റ് കെ.എ അബൂബക്കർ, അരവത്ത് പൂവാണം കുഴി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ. ശിവരാമൻ മേസ്ത്രി, പൊയിനാച്ചി സെന്റ് മേരീസ് ദേവാലയ വികാരി ഫാ. തോമസ് സെബാസ്റ്റ്യൻ, പനയാൽ ക്ഷേത്രം പ്രസിഡന്റ് നാരായണൻ പനയാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം. മുരളീധൻ, പെരിയ പുലിഭൂതം ദേവസ്ഥാനം ക്ഷേത്രം സെക്രട്ടറി കെ. കമലാക്ഷൻ, സമസ്ത ജില്ലാ മുശാവറ അംഗങ്ങളായ അബ്ദുൽ ഖാദർ നദ്വി കുണിയ, താജുദ്ദീൻ ദാരിമി പടന്ന, ജില്ലാ സ്വാഗതസംഘം ട്രഷറർ ഇബ്രാഹിം ഹാജി, പ്രാദേശിക സ്വാഗത സംഘം കോഡിനേറ്റർ ഷറഫുദീൻ കുണിയ, കൺവീനർ കെ.കെ ഉമ്മർ, ട്രഷറർ ടി.കെ യൂസഫ് ഹാജി, കുണിയ ജമാഅത്ത് ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, കെ.എ റാസിഖ്, ഹമീദ് കുണിയ സംസാരിച്ചു.