പ്രതിനിധികൾ കാരുണ്യദൂതരാകുന്നു; 33,313 കുടുംബങ്ങളിലേക്ക് സമസ്തയുടെ സ്നേഹസ്പർശം
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെന്റനറി ക്യാമ്പ് പ്രതിനിധികൾ കാരുണ്യ സേവന രംഗത്ത് പുതിയ ചരിത്രം കുറിക്കുന്നു. 33,313 പ്രതിനിധികൾ ഓരോരുത്തരും ഓരോ നിർദ്ധന കുടുംബത്തിന് ഭക്ഷണക്കിറ്റുകൾ നേരിട്ടെത്തിച്ചു നൽകുന്ന '33313 കരുണകൾ' പദ്ധതിക്ക് ആവേശകരമായ തുടക്കമായി. ആഘോഷങ്ങൾ ആർഭാടങ്ങൾക്കപ്പുറം ജനകീയ സേവനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ പ്രതിനിധിയും തങ്ങളുടെ പ്രദേശത്തെ അർഹരായ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കുകയും സ്നേഹോപഹാരമായി ഭക്ഷണക്കിറ്റുകൾ കൈമാറുകയും ചെയ്യുന്നു.
വിശപ്പില്ലാത്ത ലോകത്തിനായി സമസ്തയുടെ കരുതൽ എന്ന സന്ദേശമുയർത്തി നടത്തുന്ന ഈ പദ്ധതി, വരും ദിവസങ്ങളിൽ ആരോഗ്യ സേവനം, വിജ്ഞാന വിതരണം തുടങ്ങിയ വിവിധ കർമ്മപദ്ധതികളിലൂടെ കൂടുതൽ ജനകീയമാക്കാനാണ് ക്യാമ്പ് സമിതിയുടെ തീരുമാനം. പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം മാനവികതയുടെയും കാരുണ്യത്തിന്റെയും മഹാസംഗമമായി മാറ്റുകയാണ് ഈ വേറിട്ട പ്രവർത്തനം വഴി ലക്ഷ്യമിടുന്നത്.
സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ക്യാമ്പ് സംയുക്ത സമിതി യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം സികെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, കുടക് അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഫൈസി പേരാൽ, ജി എം സലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈൽ, ഒ.പി അഷ്റഫ് കുറ്റിക്കടവ്, സലാഹുദ്ദീൻ ഫൈസി വെന്നിയൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ, പി ഹസൈനാർ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, കെ കെ സുലൈമാൻ അൻവരി, സിറാജുദ്ദീൻ ഖാസിലെൻ, സൈനുൽ ആബിദ് ദാരിമി വയനാട്, ജാഫർ ദാരിമി കൽപ്പറ്റ, അബ്ബാസ് ഫൈസി വാരാമ്പറ്റ, കെ വി നാസർ മൗലവി മടക്കിമല, കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ, ബഷീർ അസ്അദി നമ്പ്രം, അയ്യൂബ് മാസ്റ്റർ മുട്ടിൽ, മുഹമ്മദ് ശരീഫ് ഫൈസി കൊഴിക്കര, എംപി മുഹമ്മദ് കടുങ്ങല്ലൂർ, കെ കെ മുഹമ്മദ് ദാരിമി, അബ്ദുള്ള കുട്ടി ദാരിമി, ഇടി അസീസ് ദാരിമി, യൂനുസ് ഫൈസി വെട്ടുപാറ, മുഹമ്മദ് അസ്ലം വെളിമുക്ക്, ശഫീഖ് റഹ്മാനി ചേലേമ്പ്ര എന്നിവർ സംസാരിച്ചു.