ആവേശക്കടൽ തീർത്ത് മുതലക്കുളം ; സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് പ്രൗഢോജ്വല സ്വീകരണം
കോഴിക്കോട്: ചൂഷണത്തിനല്ലാതെ ആഴിയിലേക്ക് തുഴയെറിഞ്ഞെത്തിയ അറബികളെ സ്വീകരിച്ച സാമൂതിരിയുടെ കോഴിക്കോടിന്റെ മണ്ണിൽ... സമസ്ത പിറവി കൊണ്ട പൂർവ്വീകരുടെ കാൽപ്പാടുകൾ പതിഞ്ഞ ഭൂമിയിൽ.., സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് പ്രൗഢോജ്വല സ്വീകരണം. പാശ്ചാത്യ അധിനിവേശത്തെ ചെറുത്ത് തോൽപ്പിച്ചതിന്റെ അടയാളം പേറി നിൽക്കുന്ന മിശ്കാൽ പള്ളിയും കുഞ്ഞാലി മരക്കാരുടെ പോരാട്ട ഓർമകളും പേറുന്ന അറബിക്കടലോരത്തെ മുതലക്കുളം മൈതാനിയിൽ സമസ്ത പ്രവർത്തകർ ആവേശ തിരമാല തീർത്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ലാ സ്വഗത സംഘം ചെയർമാനുമായ എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷനായി. ഉമർ മുസ്ലിയാർ കിഴിശ്ശേരി പ്രാർഥന നടത്തി. എം.ടി അബ്ദുല്ല മുസ്ലിയാർ, ജാഥാ കോഡിനേറ്റർ അബ്ദുസലാം ബാഖവി വടക്കെക്കാട്, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ അഹമ്മദ് ദേവർ കോവിൽ, പി.ടി.എ റഹീം, ഡോ.കെ.ടി ജലീൽ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡി.സി.സി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാർ, സുപ്രഭാതം വൈസ് ചെയർമാൻ കെ സൈനുൽ ആബിദീൻ സഫാരി, ടി.പി.സി തങ്ങൾ, ഫിലിപ്പ് ജോൺ മാത്യു സംസാരിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഗോൾഡൻ ടിക്കറ്റ് കൈമാറി. ഫരീദ് റഹ്മാനി കാളികാവ്, സാദിഖ് ഫൈസി താനൂർ, ഇബ്റാഹിം ഫൈസി പേരാൽ പ്രഭാഷണം നടത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അസ്ഗറലി ഫൈസി പട്ടിക്കാട്, ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, ബഷീർ ഫൈസി ചീക്കൊന്ന്, ടി.കെ ഇബ്റാഹിം മുസ്ലിയാർ വെളിമുക്ക്, അലവി ഫൈസി കുളപ്പറമ്പ്, ഒളവണ്ണ അബൂബക്കർ ദാരിമി, ശരീഫ് ബാഖവി കണ്ണൂർ സംബന്ധിച്ചു. ജാഥാ ഡയറക്ടർ കെ ഉമ്മർ ഫൈസി മുക്കം സ്വാഗതം പറഞ്ഞു.