പട്ടിക്കാട് (മലപ്പുറം): അടിയുറച്ച ആദര്‍ശനിഷ്ഠയും തലമുറകളായി കൈമാറിവന്ന ആത്മീയപാരമ്പര്യത്തിന്റെ ദീപ്തസ്മരണകളും വീണ്ടും വിളിച്ചറിയിച്ച് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 63-ാം വാര്‍ഷിക, 61-ാം സനദ് ദാന മഹാസമ്മേളനം മജ്ലിസുന്നൂറിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപിച്ചു. പ്രബോധനവീഥിയിലേക്ക് 585 ഫൈസി പണ്ഡിതന്മാരെകൂടി ജാമിഅ സംഭാവന ചെയ്തു. ഇതോടെ ജാമിഅ ലോകത്തിന് സംഭാവന ചെയ്ത ഫൈസിമാരുടെ എണ്ണം 9,926 ആയി.
മത, വൈജ്ഞാനിക നവോത്ഥാന രംഗത്ത് ഒട്ടേറെ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്താണ് വര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനമായത്. പൂര്‍വികരായ പാരമ്പര്യ ഉലമാക്കളുടെ കളങ്കമില്ലാത്ത ആദര്‍ശവും ജീവിതവിശുദ്ധിയും മാതൃകയായി സ്വീകരിച്ച് പുതിയകാലത്ത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പണ്ഡിതന്മാര് തയാറാവണമെന്നും വെല്ലുവിളികളെ നേരിടാന്‍ കരുത്താര്‍ജിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. കേരളീയ മുസ് ലിംകളുടെ ഇന്ന് കാണുന്ന ആത്മീയ പുരോഗതിക്കും അഭിമാനകരമായ അസ്തിത്വത്തിനും കാരണമായത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാന്നിധ്യമാണെന്ന് സമ്മേളനം വിലയിരുത്തി.
സമാപന സമ്മേളനം ആയിരങ്ങളെ സാക്ഷിനിര്‍ത്തി തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന് ഉദ്ഘാടനം ചെയ്തു. ജാമിഅ നൂരിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു. മജ്ലിസുന്നൂര് സംസ്ഥാന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന് കുട്ടി മുസ് ലിയാര്‍, എം.ടി അബ്ദുല്ല മുസ് ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി തുടങ്ങിയവര്‍ സംസാരിച്ചു. ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു.
സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍,പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, സെയ്താലി മുസ്ലിയാര് മാമ്പുഴ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്,ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, ഡോ. അബ്ദുറഹിമാന് ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ്, പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയവര്‍ സംബന്ധിച്ചു.