സമസ്ത ഗ്ലോബൽ എക്സ്പോ; ശംസുൽ ഉലമയുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് വിദ്യാർഥികൾ
കുണിയ: പാണ്ഡിത്യത്തിന്റെ പെരുമയിലും ലാളിത്യത്തിന്റെ ഗരിമയിൽ ജീവിച്ച ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ് ലിയാരുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് മലപ്പുറം മുണ്ടക്കുളം ജാമിയ ജലാലിയ വിദ്യാർഥികൾ. ഗ്ലോബൽ എക്സ്പോ പവലിയനിലാണ് പുതുതലമുറക്ക് കൃത്യമായി അടയാളപ്പെടുത്തുന്ന രീതിയിൽ ശംസുൽ ഉലമയുടെ ജീവിതചക്രം ഒരുക്കിയത്.
ശംസുൽ ഉലമയുടെ തറവാട്, പഠനം, എന്നിവ ഹ്രസ്വമായി പ്രതിപാദിച്ചാണ് പവലിയൻ ആരംഭിക്കുന്നത്. പിന്നീട് ശംസുൽ ഉലമ ഉപയോഗിച്ച വസ്ത്രങ്ങൾ, തലപ്പാവ്, ഊന്നു വടി, കിതാബുകൾ, കോടതി വ്യവഹാരങ്ങൾ, സ്വന്തം കൈപ്പടയിലുള്ള രചന, വിവിധ വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങൾ എന്നിവയും കാഴ്ചക്കാർക്ക് വേറിട്ട അനുഭവം നൽകും. ഇടിയങ്കര ശൈഖ് അലാഉദ്ധീൻ അൽ ഹിംസി തങ്ങളെക്കുറിച്ച് രചിച്ച മൗലിദിന്റെ കൈയെഴുത്തു പ്രതി, രിസാലത്തുൽ മാറദീനിയ്യ എന്ന ഗ്രന്ഥത്തിന് എഴുതിയ വ്യാഖ്യാനത്തിന്റെ കൈയെഴുത്തു പ്രതി കൂടാതെ ശംസുൽ ഉലമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന അൽഹിക്മ ചാറ്റ് ബോട്ട് എന്നിവയുമുണ്ട്.