ആലപ്പുഴ: ഒരു പതിറ്റാണ്ടിന് ശേഷം ആലപ്പുഴയിൽ അറബിക്കടലിന്റെ തീരത്ത് വീണ്ടും ആദർശവഴിയിലെ പുരുഷാരവം ഒരുമിച്ചപ്പോൾ ഇരമ്പിയത് സമസ്തയുടെ 90-ാം വാർഷിക സമ്മേളനത്തിന്റെ സ്മരണകൾ. ആദർശ വിശുദ്ധിയുടെ നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്തയുടെ അമരക്കാരൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടെ ആലപ്പുഴയിലെ സ്വീകരണ സമ്മേളനം ആയിരങ്ങൾ നിരന്ന മഹാ സമ്മേളനമായി. ശതാബ്ദി സമ്മേളനത്തിന്റെ വിളംബര ഭൂമിയിൽ ശതാബ്ദി സമ്മേളന സന്ദേശ യാത്രയ്ക്ക് ഊഷ്മള സ്വീകരണമായിരുന്നു നൽകിയത്. ഐതിഹാസികമായ 90-ാം വാർഷിക സമ്മേളന വേദിയായ ആലപ്പുഴ ബീച്ചിലായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നൂറാം വാർഷിക സമ്മേളനത്തിന്റെ വിളംബരം നടത്തിയത്. അച്ചടക്കവും ആവേശവും അലയടിച്ച 90-ാം സമ്മേളനം ആലപ്പുഴയുടെ ചരിത്രത്തിൽ ആത്മീയ മുന്നേറ്റത്തിന്റെ മഹാസന്ദേശമായിരുന്നു. ഒഴുകിയെത്തിയ ലക്ഷങ്ങൾക്ക് സൗകര്യം ഒരുക്കി ആതിഥേയത്വം വഹിച്ച ആലപ്പുഴ ശതാബ്ദി യാത്രയ്ക്ക് വീണ്ടും പ്രൗഢസ്വീകരണം നൽകി. ആലപ്പുഴയിലെ മത - രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ബഹുജന പങ്കാളിത്തവും സ്വീകരണ സമ്മേളനത്തിന്റെ മാറ്റ് വർധിപ്പിച്ചു. സമസ്തയുടെ സമുന്നതരായ പണ്ഡിത ശ്രേഷ്ഠന്മാർ ഒരുമിച്ച് ഒരു പതിറ്റാണ്ടിന് ശേഷം ആലപ്പുഴയിൽ സംഗമിച്ചതും ധന്യമുഹൂർത്തത്തിന്റെ ആവർത്തനമായി
സ്വീകരണ സമ്മേളനത്തിൽ സംസാരിച്ച പ്രമുഖർ എല്ലാം തന്നെ സമസ്ത 90-ാം സമ്മേളനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , മന്ത്രി സജി ചെറിയാൻ, എം.എൽ.എ മാരായ പി.പി ചിത്തരഞ്ജൻ, എച്ച് സലാം, മുൻ എം.പി എ.എം ആരിഫ്, നേതാക്കളായ എ.എ ഷുക്കൂർ, എ.എം നസീർ, എം.ലിജു തുടങ്ങിയവരും ആലപ്പുഴ സമ്മേളനം അനുസ്മരിച്ചാണ് സംസാരിച്ചത്. സ്വീകരണങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ച സന്ദേശ യാത്രയുടെ നായകൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആലപ്പുഴ സമ്മേളനത്തിന്റെ ആവേശം അനുസ്മരിച്ചാണ് മറുപടി പ്രസംഗം തുടങ്ങിയത്. അന്ന് സമ്മേളന പതാക ഉയർത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയ അന്നത്തെ സമസ്ത ട്രഷറർ ആയിരുന്ന ജിഫ്്രി തങ്ങളുടെ പ്രാർഥനാ നിർഭരമായ സംസാരത്തിന് വീണ്ടും ജനസാഗരം സാക്ഷിയായി. ആലപ്പുഴ സമ്മേളനത്തിന് നേതൃത്വം നൽകിയ അന്നത്തെ സമസ്തയുടെ നേതാക്കളായ ആനക്കര കോയക്കുട്ടി മുസ് ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാർ, കോട്ടുമല ബാപ്പു മുസ് ലിയാർ എന്നിവരെ പ്രാർഥനയോടെ സ്മരിക്കുന്ന സദസ് കൂടിയായി സ്വീകരണ സമ്മേളനം മാറി.