കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിൽ സമസ്തയുടെ പങ്ക് വലുത്; ജിഫ്രി തങ്ങളുടെ നിലപാടുകൾ വിസ്മയിപ്പിക്കുന്നത്: മന്ത്രി പി. രാജീവ്
പെരുമ്പാവൂർ: കേരളത്തിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംഘടനയാണ് സമസ്തയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രകോപനപരമായ സമചിത്തതയോടെ പ്രവർത്തിക്കാൻ കഴിയുന്ന സംഘടന എന്ന വിലയിൽ സമസ്തക്ക് ഇനിയും കേരളത്തിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്. ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാൻ ഒരുമിച്ച് നിൽക്കേണ്ട കാലഘട്ടമാണിത്. ഇവിടെയാണ് സമസ്തയുടെ പ്രസ്ക്തി. പ്രകോപനപരമായ ചോദ്യങ്ങൾ വന്നാൽ തനിക്ക് പറയാനുള്ളത് ഒരാളേയും വേദനിപ്പിക്കാതെ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കാനുള്ള ജിഫ്രി തങ്ങളുടെ കഴിവ് എല്ലാവരേയും വിസ്മയിപ്പിക്കുന്നതാണ്. വർഗീയതക്കെതിരേ ക്രാന്തദർശ്യത്തോടെ ചിന്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. മത സൗഹാർദ്ദത്തിന് എന്നും സമസ്ത മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.