സമസ്ത പ്രൊഫഷനൽ മജ്ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും
കോഴിക്കോട്: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രൊഫഷനൽ മജ്ലിസിന് അന്തിമരൂപമായി. ജനുവരി 18 ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു വരെ കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ നടക്കുന്ന മജ്ലിസ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എൻ. പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, മത വിദ്യാഭ്യസ ബോർഡ് മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ, ശുഹൈബുൽ ഹൈതമി വാരാമ്പറ്റ, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര വിഷയാവതരണങ്ങൾക്ക് നേതൃത്വം നൽകും. സമസ്തയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി പ്രൊഫഷനൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ അക്കാദമിക്, മെഡിക്കൽ, മാനേജ്മെന്റ്, എൻജിനീയറിങ്, നിയമ, ഐ.ടി, മീഡിയ, പരിശീലന വിഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷനലുകളാണ് പങ്കെടുക്കുന്നത്.