വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്രി തങ്ങൾ
ഫൈസാബാദ് (പട്ടിക്കാട്): പണ്ഡിതൻമാർക്ക് വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഇത്തരം വെല്ലുവിളികളെ അതിജയിക്കമെങ്കിൽ ഇസ്ലാം അതിന്റെ അടിസ്ഥാനായി നിഷ്കർശിച്ച സത്യവും നീതിയും മുറുകെ പിടിക്കണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനത്തിൽ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാം എന്നും വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. സത്യത്തിന്റെ പാശം മുറുകെ പിടിക്കാനാണ് പൂർവീകരായ പണ്ഡിതൻമാർ പലപ്പോഴും നമ്മേ ഉണർത്തിയത്. അസത്യത്തിന്റെ വാക്കുകൾ പണ്ഡിതൻമാരിൽ നിന്നും വരാൻ പാടില്ല. കേവല താൽപര്യങ്ങൾക്കായി അസത്യം പറയരുത്. നിഷ്കളങ്കത പ്രധാനമാണ്. പ്രവർത്തനങ്ങളുടെ ആത്മാവാണത്. പ്രശംസ ആഗ്രഹിച്ചു പ്രവർത്തിക്കരുത്. ഭൗതികമായ താൽപര്യങ്ങൾ നൈമഷികമാണ്. അറിവിന്റെ വാഹകരാണ് സനദ് വാങ്ങി പുറത്തിറങ്ങുന്ന ഓരോ പണ്ഡിതൻമാരും. നന്മ മറയാക്കി തെറ്റു ചെയ്തു ജീവിക്കാൻ പാടില്ല. പ്രയാസങ്ങൾ സഹിക്കാൻ നമ്മൾ തയാറാവണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
അറിവിനെ ദുരുപയോഗം ചെയ്യുന്ന കാലമാണിത്. സമസ്തക്കു വേണ്ടി ശക്തമായി പ്രവർത്തിക്കണം. ഐക്യം നഷ്ടപ്പെടുത്താൻ ആരും ശ്രമിക്കരുത്. പണ്ഡിതൻമാർ അമ്പിയാക്കളിൽ നിനുള്ള അനന്തരത്തെ നേടണം. പ്രവാചകത്വം അധ്വാനത്തിലൂടെ നേടുന്നതല്ല. അല്ലാഹുവിന്റെ പ്രത്യേക ബഹുമതിയാണ്. അതിനു തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് അതു നൽകുക. സമസ്തയുടെ സമ്മേളനത്തെ വിജയിപ്പിക്കാൻ എല്ലാവരും കർമരംഗത്തിറങ്ങണമെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു.