മഴക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക- സമസ്ത
കോഴിക്കോട:് സംസ്ഥാനത്ത് അതി തീവ്ര മഴമൂലം പലയിടങ്ങളിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വയനാട് ഉരുള്‍പൊട്ടല്‍ വാര്‍ത്ത നെഞ്ചുലക്കുന്നതാണ്. മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മഴക്ക് ശമനം ലഭിക്കുന്നതിനും ഉരുള്‍പ്പൊട്ടലുകളും മറ്റു പ്രകൃതി ദുരന്തങ്ങളും ഇല്ലാതിരിക്കുന്നതിനും പ്രാര്‍ത്ഥന നടത്താന്‍ എല്ലാവരോടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ദുരന്ത പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ച വിഖായ, ആമില പ്രവര്‍ത്തകര്‍ രക്ഷാപ്രവര്ത്തനത്തിറങ്ങണം. രക്ഷാപ്രവര്‍ത്തകരോട് എല്ലാവരും സഹകരിക്കണം. മഴക്കെടുതിയില്‍പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.