കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏട്ട് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10779 ആയി. സുല്ലമുസ്സലാം മദ്റസ കൊടശ്ശേരി, പീടികപ്പടി, പാണ്ടിക്കാട്, ഇര്‍ഷാദുല്‍ ഔലാദ് മദ്റസ നെച്ചിത്തൊടി, ആതവനാട്, മിസ്ബാഹുല്‍ അനാം ബ്രാഞ്ച് മദ്റസ മീനടത്തൂര്‍ (മലപ്പുറം), മദ്റസത്തുല്‍ അബ്റാര്‍ പെരിച്ചിരംകാട്, കുഴല്‍മന്ദം (പാലക്കാട്), ഖമറുല്‍ ഹുദാ മദ്റസ, പള്ളിയാംതടം, കാഞ്ഞിരമറ്റം (എറണാകുളം), മദ്റസത്തുല്‍ ഹാദി അല്‍മദാം, ഷാര്‍ജ, മദ്റസത്തു ഇമാം ശാഫിഇ, അജ്മാന്‍ (യു.എ.ഇ), തഅ്ലീമുല്‍ ഇസ്ലാം മദ്റസ ഗലാലി (ബഹ്റൈന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടത്തിയ പൊതുപരീക്ഷയും കേന്ദ്രീകൃത മൂല്യനിര്‍ണയവും, ഫലപ്രഖ്യാപനവും തുടര്‍ന്നു നടന്ന റീവാല്വേഷന്‍, സേ പരീക്ഷ എന്നിവ അവലോകനം ചെയ്തു. കുറ്റമറ്റ രീതിയില്‍ പരീക്ഷാ സംവിധാനം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു. പുതിയ അധ്യയന വര്‍ഷം കൂടുതല്‍ കാര്യക്ഷമമാക്കാനും പുതുതായി ആവിഷ്കരിച്ച മുഴുവന്‍ പദ്ധതികളും വിജയിപ്പിക്കാനും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.