ചേളാരി : 2024ലെ ഉത്തര്‍പ്രദേശ് മദ്റസ വിദ്യാഭ്യാസ നിയമത്തിനനെതിരെയുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി ഭരണഘടനാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള അവകാശം സര്‍ക്കാര്‍ നിഷേധിക്കരുതെന്നുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് വിധി സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അലീഗഡ് മുസ്ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ സുപ്രീംകോടതി വിധി, സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കിയ നടപടിയെയും യോഗം സ്വാഗതം ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തെ ഉറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും യോഗം അഭിപ്രായപ്പെട്ടു. പുതുതായി അഞ്ച് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10936 ആയി. മഹ്ബൂബ് സുബ്ഹാനി അറബി മദ്റസ കല്‍കേരി, സയ്യിദ് അബ്ദുല്ല ഹുസൈനി അറബി മദ്റസ ചരണ്ടിമറ്റ് ദര്‍വാഡ്, ശംസുല്‍ ഉലമാ അറബി മദ്റസ അമ്പിളിക്കൊപ്പ, മൗലാ അലി അറബി മദ്റസ കവലഗരി (കര്‍ണാടക), ഹിദായത്തുല്‍ മുസ്ലിമീന്‍ മദ്റസ നോര്‍ത്ത് പാലയൂര്‍ (തൃശൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ ചില നിലപാടുകളുമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് ബന്ധമില്ലെന്നും യോഗം പ്രഖ്യാപിച്ചു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കാട് മൊയ്തീന്‍ കുട്ടി ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദിറഹിമാന്‍ മുസ്ലിയാര്‍ കൊടക്, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.