ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 8,9,10 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 7,8 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,946 മദ്‌റസകളില്‍ നിന്നായി 2,53,599 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ പൊതുപരീക്ഷ വിദേശങ്ങളില്‍ ഫെബ്രുവരി 21,22 തിയ്യതികളിലും ഇന്ത്യയില്‍ 22,23 തിയ്യതികളിലുമാണ് നടക്കുന്നത്. 336 സെന്ററുകളിലായി 15,262 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും. അഞ്ചാം ക്ലാസില്‍ 1,08,651 കുട്ടികളും, ഏഴാം ക്ലാസില്‍ 94,924 കുട്ടികളും, പത്താം ക്ലാസില്‍ 42,109 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,915 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. ഏഴാം ക്ലാസില്‍ 6,121, പത്താം ക്ലാസില്‍ 983, പ്സസ്ടു ക്ലാസില്‍ 385 വിദ്യാര്‍ത്ഥികളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ 56, ഏഴാം ക്ലാസില്‍ 106, പത്താം ക്ലാസില്‍ 145, പ്ലസ്ടു ക്ലാസില്‍ 87 സെന്ററുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 157 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കുകയും 10,672 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഡിവിഷന്‍ സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനവും ചോദ്യപേപ്പര്‍ ഉള്‍പ്പെടെ പരീക്ഷാ രേഖകളുടെ വിതരണവും 06/02/2025 വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടക്കും. 07/02/2025ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, ഖുവൈത്ത് എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 7,450 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയം ഫെബ്രുവരി 10ന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.