കോഴിക്കോട്: ഇന്ന് (06/02/2025) കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗത്തിൽ സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച സുപ്രധാനമായ പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുകയുണ്ടായി. അതിന് ശേഷം നടന്ന കൺവെൻഷനിൽ 10,001 അംഗ സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു. സമസ്തയുടെ മുശാവറ അംഗം കൂടിയായ എം.പി മുസ്തഫൽ ഫൈസി തന്റെ ചില പ്രസംഗത്തിലും മറ്റും മത പണ്ഡിതന്മാരെ മൊത്തമായും സമസ്തയെയും സമസ്ത പ്രസിഡന്റിനെയും വളരെയധികം ഇകഴ്ത്തിയതായി മുശാവറയെ പലരും ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അന്യേഷണ വിധേയമായി സസ്പെൻ്റ് ചെയ്യാൻ തീരുമാനിക്കുകയുണ്ടായി. കാര്യം ഇങ്ങനെയായിരിക്കെ ചില മാധ്യമങ്ങൾ വിഷയം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയും സമസ്തയുടെ മുസ്ലിം ലീഗ് വിരുദ്ധ നിലപാട് കൊണ്ടാണ് മുസ്തഫൽ ഫൈസിയെ സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. വ്യാജമായ ഇത്തരം പ്രചരണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും ഇതിൽ ആരും വഞ്ചിതരാവരുതെന്നും മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ തകർക്കാൻ ശ്രമിക്കുന്നവരെ എല്ലാവരും തിരിച്ചറിയണമെന്നും സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ. കെ.ആലികുട്ടി മുസ്ലിയാർ, ട്രഷറർ പി. പി.ഉമർ മുസ്‌ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.