വയനാട് ദുരന്തം: സമസ്തയുടെ സഹായ പദ്ധതിയില്‍ നിന്നുള്ള ധനസഹായ വിതരണം 23-ന്
ചേളാരി: ഇക്കഴിഞ്ഞ ജൂലായ് 30-ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉരുള്‍പൊട്ടല്‍ മൂലം ഉണ്ടായ ദുരന്തത്തിനിരയായവര്‍ക്ക് സമസ്തയുടെ സഹായ പദ്ധതിയില്‍ നിന്നുള്ള ധനസഹായ വിതരണം സെപ്തംബര്‍ 23 ന് (തിങ്കള്‍) രാവിലെ 11 മണിക്ക് മേപ്പാടി എം.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാരും സമസ്ത വയനാട് ജില്ല കോ-ഓഡിനേഷന്‍ കമ്മിറ്റി ചുമതലപ്പെടുത്തിയ ഓര്‍ഗനൈസര്‍മാരും ചേര്‍ന്ന് അര്‍ഹരായവരുടെ കണക്കെടുപ്പ് നടത്തിയിരുന്നു. അത് പ്രകാരം തയ്യാറാക്കിയ ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും വയനാട് ദുരന്ത സഹായ പദ്ധതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങളും സമസ്തയുടെ മറ്റു പോഷകസംഘടന നേതാക്കളും പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ബന്ധപ്പെട്ടവരുമായി കൂടിയാലോലിച്ച് വിശദമായ പഠനങ്ങള്‍ക്കുശേഷമായിരിക്കും സമസ്തയുടെ തുടര്‍ന്നുള്ള സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുക.