വഖ്ഫ് ബോര്‍ഡ്; 12-നകം കുടിശ്ശിക അടച്ച് പ്രാതിനിധ്യം ഉറപ്പാക്കുക- സമസ്ത ലീഗല്‍ സെല്‍
ചേളാരി: കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കുടിശ്ശിക ഡിസംബര്‍ 12-നകം അടച്ച് വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി വഖ്ഫ് സ്ഥാപന ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചു. 31/03/2023 വരെയുള്ള കുടിശ്ശിക അടച്ചു തീര്‍ക്കുന്ന വഖ്ഫ് പ്രതിനിധികള്‍ക്ക് മാത്രമാണ് വോട്ടവകാശമുണ്ടാവുക. ബന്ധപ്പെട്ട സ്ഥാപന ഭാരവാഹികള്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ ആരാധനാലയങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്കുന്ന ദ പ്ലെയ്സസ് ഓഫ് വര്‍ഷിപ്പ് (സ്പെഷ്യല്‍ പ്രൊവിഷ്യന്‍സ്) ആക്റ്റ്, 1991 റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്മാന് കെ.ടി. കുഞ്ഞുമോന് ഹാജി അദ്ധ്യക്ഷത വഹിച്ച യോഗം സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സി.പി. ഹാരിസ് ബാഖവി കംബ്ലക്കാട്, ടി.എ. അബൂബക്കര്‍ പാലക്കാട്, കെ.ടി. കുഞ്ഞാന് ചുങ്കത്തറ, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സംസാരിച്ചു.